ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാൻ ഉത്തരവിട്ട് കേന്ദ്രം
- IndiaGlitz, [Thursday,February 09 2023]
ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻ്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗസംരക്ഷണ ബോർഡ് നിയമോപദേശകൻ വിക്രം ചന്ദ്രവംശി പറഞ്ഞു. പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതു കൊണ്ട് ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോർഡിൻ്റെ സർക്കുലറിൽ പറയുന്നു.
പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിൽ വിശദമാക്കുന്നു. ഇതു സംബന്ധിച്ച വിചിത്രമായ സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് ആണ് പുറത്തിറങ്ങിയത്. എന്നാൽ ഇതിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.