ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം അഞ്ചു വയസ്സ് തന്നെ: മന്ത്രി വി ശിവൻ കുട്ടി
- IndiaGlitz, [Wednesday,March 29 2023]
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡം ആക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ കത്തയച്ചിരുന്നു. എന്നാൽ അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തു. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.