നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് തരൂര്‍
- IndiaGlitz, [Tuesday,January 10 2023]
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി ശശി തരൂര്‍ എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. ഇവിടെ മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും കേരളത്തില്‍ സജീവമായി ഉണ്ടാകുമെന്നും മാധ്യമങ്ങളോടു തരൂർ പറഞ്ഞു. കേരളത്തിൽ 2026ലേ നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകൂ. അതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥി ആകുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല എന്നും ശശി തരൂർ കൂട്ടിചേർത്തു.
ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. തൻ്റെ മനസിലോ പ്രവൃത്തിയിലോ ജാതിയില്ലെന്നും കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കാണുന്നുവെന്നും തരൂർ പറഞ്ഞു.
തറവാടി നായരാണ് ശശി തരൂർ എന്ന എൻഎസ്എസ് സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ നിന്നും സ്വയം മാറിനിൽക്കാനാണ് തരൂര്‍ ശ്രമിച്ചത് . എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. തൻ്റെ മനസ്സിലോ പ്രവർത്തിയിലോ ജാതിയില്ലെന്നും വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്ക് അറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.