ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് തൽക്കാല ഇളവ്

  • IndiaGlitz, [Monday,June 05 2023]

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ അധികമായി കൊണ്ടു പോയാൽ തൽക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാൽ നാല് വയസ്സിനു മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കണം. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇരുചക്ര വാഹനത്തിൽ കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128ആം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ രണ്ടു പേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ.

അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതു പോലും നിയമ ലംഘനത്തിന്‍റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ഇന്നു രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ് ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. ലോകത്ത് എല്ലായിടത്തും ഇരുചക്ര വാഹനങ്ങളിൽ രണ്ടു പേർക്കു മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. അതിനാൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താനോ കുട്ടികളെ മൂന്നാമത്തെ യാത്രികരായി അനുവദിക്കാനോ സാധ്യമല്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.