ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം ശ്യാമപ്രസാദിന്

  • IndiaGlitz, [Saturday,March 11 2023]

സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ ശ്യാമപ്രസാദിന്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. 1984 മുതല്‍ 1994 വരെയുള്ള പത്തു വര്‍ഷക്കാലയളവില്‍ ടെലിവിഷന്‍ മാധ്യമത്തിന് നവഭാവുകത്വം നൽകി കൊണ്ട് അദ്ദേഹം ദൂരദര്‍ശനുവേണ്ടി മികച്ച പരിപാടികള്‍ ഒരുക്കി. പ്രഥമ ടെലിവിഷന്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചെയര്‍മാനും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആര്‍. പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് 2021ലെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 1993, 1994, 1996 വര്‍ഷങ്ങളില്‍ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി, അകലെ, ഒരേ കടല്‍ എന്നിവ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുകള്‍ നേടി. അഞ്ചു തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.