ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകി തെലങ്കാന ഗവർണർ
- IndiaGlitz, [Monday,January 30 2023]
ബജറ്റ് അവതരിപ്പിക്കാൻ തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജ്. ഇതോടെ ഗവർണ്ണർക്കെതിരായ ഹര്‍ജി സർക്കാർ പിൻവലിച്ചു. ബജറ്റ് ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് നടക്കുമെന്ന് തെലങ്കാന ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് രാജ്ഭവനും സംസാഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധി മുറുകുന്നത്. സുപ്രീം കോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. ജനുവരി മൂന്നാം ആഴ്ച തന്നെ ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട ഫയലുകൾ ഗവർണറുടെ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തമിഴിസൈ സൗന്ദരരാജ് തയാറാകാത്തതിനാലാണ് സർക്കാർ കോടതിയെ സമീപിച്ചത്. ബജറ്റ് അവതരണത്തിന് ഗവർണറുടെ അനുമതി ലഭിക്കാതിരിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഫെബ്രുവരി 3 ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം മുടക്കം കൂടാതെ നടക്കും എന്നുറപ്പായത്.