താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി
- IndiaGlitz, [Monday,May 08 2023]
താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിൻ്റെ ഉടമ നാസറിൻ്റെ വാഹനം എറണാകുളത്ത് പിടികൂടി. നാസറിൻ്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെ ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഇന്നലെ അപകടം നടന്നയുടൻ ഒളിവിൽ പോയിരുന്നു. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിൻ്റെ വീട്.
ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ചുറ്റും ഗ്ലാസ് ഘടിപ്പിച്ചായിരുന്നു ബോട്ട് നീറ്റിലിറക്കിയത്. അപകടത്തിൻ്റെ ആഴം കൂട്ടാനിടവന്നതും ഇക്കാരണത്താലാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.