താനൂര്‍ ബോട്ടപകടം: ഡ്രൈവര്‍ ദിനേശൻ അറസ്റ്റില്‍
- IndiaGlitz, [Wednesday,May 10 2023]
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിൻ്റെ ഡ്രൈവര്‍ ദിനേശനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊലീസ് മേധാവിയുടേയും താനൂര്‍ ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും. താനൂരിൽ വെച്ചാണ് ദിനേശന്‍ പൊലീസിന്‍റെ പിടിയിലായായത്. ഇതോടെ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. മറ്റൊരു ബോട്ട് ജീവനക്കാരൻ കൂടി ഒളിവിൽ കഴിയുകയാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും.
ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. താനൂര്‍ സ്വദേശിയായ നാസറിൻ്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കമ്മീഷൻ മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.