താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

  • IndiaGlitz, [Tuesday,May 09 2023]

താനൂര്‍ ബോട്ടപകടത്തിനു പിന്നാലെ ഒളിവിൽ പോയ അറ്റ്ലാൻ്റെ ബോട്ടുടമ നാസർ അറസ്റ്റിൽ. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ നാസറിൻ്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാസറിൻ്റെ സഹോദരൻ സലാം, സഹോദരൻ്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈകോടതിയിൽ ജാമ്യം തേടാനുള്ള നീക്കത്തിൻ്റെ ഭാഗമായി കൊച്ചിയിൽ അഭിഭാഷക​നെ കാണാൻ എത്തിയപ്പോഴാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽ നിന്ന് നാസറിൻ്റെ ഫോണും കണ്ടെടുത്തിരുന്നു. മത്സ്യ ബന്ധന ബോട്ടാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. സ്രാങ്കിന് ലൈസന്‍സില്ലായിരുന്നു എന്നും പറയുന്നണ്ട്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സർവീസ് നടത്തിയത്.