താനൂർ ബോട്ടപകടം: 22 പേർ മരിച്ചു; ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസെടുത്തു

  • IndiaGlitz, [Monday,May 08 2023]

താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞു 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തി നിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചു. ബോട്ട് പുറപ്പെട്ട് ഏകദേശം 300 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അപകടം ഉണ്ടായെന്നാണ് വിവരം. ആദ്യം ഇടത്തോട്ട് ചെരിഞ്ഞ ബോട്ട് പിന്നീട് മുങ്ങിത്താഴുകയായിരുന്നു.

രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് രണ്ട് മണിക്കൂറിന് ശേഷം കരയ്ക്ക് അടുപ്പിക്കമ്പോള്‍ ഒട്ടേറെ പേര്‍ അതില്‍ കുടുങ്ങി കിടന്നിരുന്നു. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. ബോട്ടപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചിരുന്നു. ട്വിറ്ററിലാണ് ഇരുവരും അനുശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധസഹായം പ്രഖ്യാപിച്ചു.