അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തീരുമാനം
- IndiaGlitz, [Tuesday,May 30 2023]
അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലായ അരിക്കൊമ്പനെ കാട്ടില്‍ നിന്നിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തേനി ജില്ലയിലെ ഷണ്മുഖ നദി അണക്കെട്ടിനു സമീപമുള്ള ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേതത്തിലെ ആനകജം പ്രദേശത്താണ് ആന ഇപ്പോഴുള്ളത്. ഷണ്മുഖ നദി അണക്കെട്ടിലേക്ക് കമ്പത്തുനിന്ന് 10 കിലോമീറ്ററും കൂത്തനാച്ചിയിൽനിന്ന് 5 കിലോമീറ്ററും ദൂരമുണ്ട്.
പെരിയാർ കടുവാ സങ്കേതത്തിൻ്റെ മേഘമല അതിർത്തിയിൽനിന്ന് 11 കിലോമീറ്റർ ആകാശ ദൂരത്തിൽ തിങ്കൾ ഉച്ചയോടെ ആന നിലയുറപ്പിച്ചതായി തേക്കടിയിൽ സിഗ്നൽ ലഭിച്ചു. ആന നിൽക്കുന്ന വനത്തിന് പുറത്ത് പൊലീസ്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വലിയ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കമ്പത്തെ ജനവാസ മേഖലയ്ക്കടുത്ത് നിന്നും അരിക്കൊമ്പന് ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അതിനിടെ അരിക്കൊമ്പൻ്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിൽ ഇരിക്കെയായിരുന്നു അന്ത്യം. കമ്പത്തെ തെരുവിലൂടെ ഓടിയ ആന, ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പാല്‍രാജിൻ്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് പാല്‍രാജ് മരിച്ചത്.