തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ 70–ാം ജന്മദിനാഘോഷം
- IndiaGlitz, [Thursday,March 02 2023]
2024ൽ ബിജെപിയെ പിഴുതെറിയുമെന്ന് പ്രതിജ്ഞ ചെയ്ത് വിവിധ പാർട്ടി നേതാക്കൾ. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ 70 മത് ജന്മദിന ആഘോഷത്തിൻ്റെ വേദിയിലാണ് നിർണായക തീരുമാനത്തിന് ധാരണയായത്. ബി.ജെ.പിയെ തറപറ്റിക്കാന്‍ പോന്ന പാര്‍ട്ടികളെ ഒന്നിച്ച് കൊണ്ടുവരണമെന്ന് എംകെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്ന് ഡിഎംകെ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഖാര്‍ഗെയെ കൂടാതെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ പരിപാടിയിലെ മുഖ്യഅതിഥികളായിരുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. പ്രതിപക്ഷ ഐക്യനിര ശക്തിപ്പെട്ടാല്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം തെക്കേ ഇന്ത്യയിൽ നിന്ന് ഫാസിസ്റ്റുകളെ പുറത്താക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് സ്റ്റാലിൻ്റെ മലയാളത്തിലുള്ള മറുപടി.