അഴിമതിയിൽ സ്വപ്നയ്ക്ക് പങ്കുണ്ട്; എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി
- IndiaGlitz, [Friday,April 14 2023]
ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. അറസ്റ്റ് വൈകുന്നത് ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കി. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിനു ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സർവീസിൽ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അത് സർക്കാരിനു മേൽ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി കണ്ടെത്തി.
ലൈഫ്മിഷൻ കേസിൽ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ് എന്നും സ്വപ്നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമർശിച്ചു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണ കരാർ വാങ്ങിനൽകാനായി 4.48 കോടി രൂപ ശിവശങ്കറിനു നൽകിയതായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നതിനു പിന്നാലെയായിരുന്നു ശിവശങ്കറിൻ്റെ അറസ്റ്റ്.