സർക്കാർ വാഗ്ദാനത്തിൽ പെരുവഴിയിലായ ശിൽപിക്ക് താങ്ങായി സുരേഷ് ഗോപി
- IndiaGlitz, [Saturday,July 08 2023]
സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിമ നിര്‍മിച്ച് പെരുവഴിയിലായ ശില്പി ജോണ്‍സന്‍ കൊല്ലക്കടവിൻ്റെ വായ്പ തുക തിരിച്ചടച്ച് നടന്‍ സുരേഷ്‌ഗോപി. വായ്പ തുകയായ 3,52,358 രൂപയും, സുരേഷ് ഗോപി ബാങ്കില്‍ അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വീടിൻ്റെ പ്രമാണം ഇയാള്‍ക്ക് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യക ശില്‍പത്തിൻ്റെ നിര്‍മ്മാണം ശില്പി ജോണ്‍സ് കൊല്ലകടവിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.
ശില്‍പത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൊടുത്ത പണം തികയാതെ വന്നതോടെ സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് 3 ലക്ഷത്തി 60000 രൂപ കണ്ടെത്തി ശില്പി ജോണ്‍സ് കൊല്ലകടവ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ശില്പിയ്ക്ക് പണം ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സംഭവത്തെ കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ- ഞാൻ ഇന്ന് വാർത്ത കണ്ടപ്പോഴാണ് ജോൺസൻ്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളു- സുരേഷ് ഗോപി പറഞ്ഞു.