കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
- IndiaGlitz, [Wednesday,July 26 2023]
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാത്തതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. നാഗാലാൻഡിലെ മുനിസിപ്പൽ, ടൗൺ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം എന്നത് നടപ്പാക്കാൻ സംസ്ഥാനത്ത് നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ജഡ്ജിമാരായ എസ്.കെ.കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചത്.
ഭരണഘടന നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എനിക്കതു പറയാൻ മടിയില്ല- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. സ്വന്തം പാർട്ടി ഭരിക്കുന്നിടത്തു കേന്ദ്ര സർക്കാരിനു കൈകഴുകാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്രം ഇടപെടണം. ഒരേ പാർട്ടി ആയതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. നാഗാലാൻഡ് സർക്കാർ വനിതാ സംവരണം നടപ്പാക്കാത്തതിന് എതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസാണ് കോടതിയെ സമീപിച്ചത്.