രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ അവസാന പന്തുവരെ നീണ്ട ആവേശ മത്സരത്തിൽ നാലു വിക്കറ്റിനാണ് സൺറൈസേഴ്സ് വിജയക്കൊടി ഉയർത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റൺസ്. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ സിക്സ് കണ്ടെത്തിയ അബ്ദുൽ സമദാണ് സൺറൈസഴ്സിന് വിജയം സമ്മാനിച്ചത്. അബ്ദുൽ സമദ് ഏഴു പന്തിൽ രണ്ടു സിക്സുകൾ സഹിതം 17 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലില്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ പിറവിയെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിങ്ങുമാണിത്.

അർധ സെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 34 പന്തുകൾ നേരിട്ട ശർമ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം അടിച്ചുകൂട്ടിയത് 55 റൺസ്. രാഹുൽ ത്രിപാഠി 29 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 47 റൺസെടുത്ത് പുറത്തായി. സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 17 റൺസാണ്. രാജസ്ഥാൻ ഉയർത്തിയ 215 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിനായി അൻമോൽപ്രീത് സിങ് - അഭിഷേക് ശർമ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും ബട്‍ലറും ചേർന്ന് അടിച്ചു കൂട്ടിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 81 പന്തുകൾ ക്രീസിൽ നിന്ന ഇരുവരും അടിച്ചു കൂട്ടിയത് 138 റൺസാണ്. ഓപ്പണിങ് വിക്കറ്റിൽ ബട്‍ലർ- ജയ്സ്വാൾ സഖ്യം വെറും 30 പന്തിൽ നിന്ന് 54 റൺസ് അടിച്ചു കൂട്ടിയതിനു പിന്നാലെയായിരുന്നു ഇവരുടെ ഐതിഹാസിക കൂട്ടുകെട്ട്.