60 ൻ്റെ നിറവിൽ സുജാത

  • IndiaGlitz, [Friday,March 31 2023]

മലയാളികളുടെ പ്രിയഗായിക സുജാത മോഹന് ഇന്ന് അറുപതാം പിറന്നാൾ. പ്രായ വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന ശബ്ദമാണ് സുജാതയുടേത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാതക്ക് തന്റേതായ ഒരിടമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ സുജാത നേടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് മൂന്നു തവണ സ്വന്തമാക്കി.

എട്ടാം വയസു മുതലാണു സുജാത സംഗീതം അഭ്യസിച്ചു തുടങ്ങിയത്. 1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ഗാനരംഗത്ത് ചുവടു വെക്കുന്നത്. അതേവർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ 'സ്വപ്നം കാണും പെണ്ണേ' എന്ന ഗാനം ആലപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രൻ്റെയും ലക്ഷ്മിയുടെയും മകളായി കൊച്ചിയിലാണ് സുജാത ജനിച്ചത്. തിരുവിതാംകൂറിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന പറവൂര്‍ ടി.കെ നാരായണപിള്ളയുടെ മകളുടെ മകളാണ് സുജാത.