ഗുസ്തി താരങ്ങളുടെ സമരം: പി.ടി. ഉഷയ്ക്കെതിരെ വിമർശനം
- IndiaGlitz, [Friday,April 28 2023]
ഗുസ്തി താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയുടെ പരാമർശം വിവാദം സൃഷ്ടിച്ചു. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു എന്നാണ് പിടി ഉഷ പറഞ്ഞ വിവാദ പ്രസ്താവന. ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പി.ടി. ഉഷയിൽ നിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നൽകി. അവരിൽ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.
പി ടി ഉഷയും ഒരു സ്ത്രീയും അമ്മയുമാണ്. പെൺകുട്ടികൾ പരാതികൾ പറയുമ്പോൾ ആരോപണ വിധേയൻ്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി ഓര്‍മ്മിപ്പിച്ചു. പി.ടി ഉഷക്കെതിരെ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളും രംഗത്തെത്തിയിരുന്നു. ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ച് ട്വിറ്ററിൽ കുറിച്ചത്. പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ മാറ്റിയിട്ടില്ല. താന്‍ നിരപരാധി ആണെന്നും, ആരോപണ വിധേയനായി കഴിയുന്നതിലും ഭേദം മരണമാണെന്നുമാണ് ബ്രിജ് ഭൂഷൻ ആവര്‍ത്തിക്കുന്നത്.