2025ഓടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി
- IndiaGlitz, [Friday,October 13 2023]
അതിദാരിദ്ര്യം ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിയായ ദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 64,000-ല്‍പരം കുടുംബങ്ങളാണ് ഈ ഗണത്തിലുള്ളത്. ആ കുടുംബങ്ങളെ അതി ദാരിദ്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എടുത്ത നടപടികള്‍ യോഗം പരിശോധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതി ദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തോളം കുടുംബങ്ങളെ 2024 നവംബര്‍ ഒന്നോടെ അതി ദാരിദ്ര്യ മുക്തരാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍റെ ഭാഗമായി നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാവുകയാണ്. വൻകിട പശ്ചാത്തല വികസന പദ്ധതിയെന്ന പ്രത്യേകതയും പ്രാധാന്യവും വിഴിഞ്ഞത്തിനുണ്ട്. ഈ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്ത് നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു .