തീപ്പിടിത്തത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാർ; കൊച്ചി കോർപറേഷന് 100 കോടി പിഴ

  • IndiaGlitz, [Saturday,March 18 2023]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്നും ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിൻ്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണ്, ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയൽ മുന്നറിയിപ്പ് നൽകി. തീ അണച്ചതായും തീ പിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. തീ പിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.