സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ: മമ്മൂട്ടി, നടി: വിന്‍സി
- IndiaGlitz, [Saturday,July 22 2023]
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൻപകൽ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടുന്നത്. വിൻസി അലോഷ്യസാണ് മികച്ച നടി (ചിത്രം: രേഖ). കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപസ് (അപ്പൻ) എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരം നേടി. മികച്ച സ്വഭാവ നടനായി പി പി കുഞ്ഞി കൃഷ്‌ണനും (ന്നാ താൻ കേസ് കൊട്), മികച്ച സ്വഭാവനടിയായി ദേവി വർമ്മ (സൗദി വെള്ളക്ക)യും തെരഞ്ഞെടുക്കപ്പെട്ടു.
നൻപകൽ നേരത്ത് മയക്കമാണ് (സംവിധാനം ലിജോ ജോസ് പെല്ലിശേരി, നിർമാതാവ് ജോർജ് സെബാസ്‌റ്റ്യൻ) മികച്ച ചിത്രം ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ന്നാ താൻ കേസ് കൊട് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരം നേടി. അറിയിപ്പിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായപ്പോൾ എസ് ബിശ്വജിത്ത് (ഇലവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകനായി ഷാഹി കബീറും (ഇല വീഴാ പൂഞ്ചിറ) തെരഞ്ഞെടുക്കപ്പെട്ടു. സ്‌ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിന് ശ്രുതി ശരണ്യം അർഹയായി ചിത്രം ബി 32 മുതൽ 44 വരെ. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം എത്തുന്നത്. നാൽപത്തിയൊന്ന് വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്.