കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാൻ സംസ്ഥാനത്തിന് സാധിക്കില്ല: ആന്റണി രാജു
- IndiaGlitz, [Friday,April 21 2023]
എ.ഐ ക്യാമറ സ്ഥാപിക്കുന്നതും, അതിലെ നിയമങ്ങൾ കൊണ്ടു വന്നതും മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ ആണെന്നും, ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ എന്നും ഗതാഗത മന്ത്രി ആന്റണി രാജു. ടൂ വീലറുകളിൽ അച്ഛനും അമ്മയും കുഞ്ഞും കൂടെ പോകുന്നതിനു പിഴ ഈടാക്കാൻ തീരുമാനിച്ചത് കേന്ദ്രമാണ്, അത് ഒഴിവാക്കാൻ കേരളത്തിന് കഴിയില്ല. കേന്ദ്ര നിയമം അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും ഗതാഗത മന്ത്രി വിശദമാക്കി.
ബൈക്കിൽ അച്ഛനും അമ്മക്കും യാത്ര ചെയ്യാനേ നിലവിൽ നിയമം ഉള്ളു. രക്ഷിതാവിന്റെ കൂടെ ഹെൽമെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം. മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന നിയമമാണിത്. സംസ്ഥാന സർക്കാരിന്റേതല്ല. അതിനാൽ ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് ഉണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എഐ ക്യാമറ, സ്മാർട്ട് ലൈസൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാകും പിഴ ഈടാക്കുക.