വയലാർ പുരസ്കാരത്തിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി
- IndiaGlitz, [Monday,October 09 2023]
തനിക്ക് ലഭിച്ച വയലാർ അവാർഡ് വൈകിയെത്തിയ പുരസ്‌കാരമെന്ന് ശ്രീകുമാരൻ തമ്പി തുറന്നടിച്ചു. അവാർഡ് എപ്പോഴേ ലഭിക്കേണ്ടത് ആയിരുന്നു. ഇതിന് മുമ്പ് നാല് തവണ തന്നെ തിരസ്കരിച്ചു. ജനങ്ങളുടെ അവാർഡ് എപ്പോഴും തനിക്ക് തന്നെയാണ്. അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കാൻ വേണ്ടി നിരന്തരമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലമാണ് ദൈവമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
യഥാർഥ പ്രതിഭയെ ആർക്കും തോൽപിക്കാൻ പറ്റില്ല. ജനങ്ങൾ എൻ്റെ കൂടെയുണ്ട്. വയലാർ അവാർഡ് മനഃപൂർവം വൈകിച്ചതാണ്. ആത്മകഥയ്ക്ക് പുരസ്കാരം തരാൻ നിർബന്ധിതരായതാണ്. എൻ്റെ കവിത, ഗാനങ്ങൾ, ആത്മകഥ എന്താണ് എന്നെല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണ്. മുപ്പത്തി ഒന്നാമത്തെ വയസ്സിൽ കേരള സാഹിത്യഅക്കാദമി കവിതയ്ക്കുള്ള അവാർഡ് തരാൻ തീരുമാനിച്ചു. മലയാളത്തിലെ ഒരു മഹാകവി പോയി അത് വെട്ടിക്കളഞ്ഞിട്ട് പറഞ്ഞത് 'അവൻ അക്ഷരങ്ങൾ മുഴുവൻ പഠിച്ചിട്ട് കൊടുക്കാം' എന്നായിരുന്നു. മൂന്നു നാലു തവണ വയലാർ അവാർഡ് തരാൻ തീരുമാനിച്ചിട്ട് മനഃപൂർവം തരാതിരുന്നതാണ്. അത് തുറന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല'' ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.