ശ്രീദേവിയുടെ മകൾ സിനിമയിലേക്ക്
- IndiaGlitz, [Monday,June 05 2017]
ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശം സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് ഇതിനോടകം തന്നെ വന്നത്. എന്നാലിപ്പോൾ ജാൻവിയുടെ സിനിമാപ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് എല്ലാം വിരാമമായിരിക്കുന്നു. ജാൻവി ബോളിവുഡിൽ അരങ്ങേറുകയാണ്. ബി ടൗണിലെ ക്രോണിക് ബാച്ചിലറായ സംവിധായകരിൽ ഒരാളും നിരവധി പുതുമുഖങ്ങളെ ബോളിവുഡിന് സമ്മാനിക്കുകയും ചെയ്ത കരൺ ജോഹറിന്റെ സിനിമയിലൂടെയാണ് ജാൻവിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. 'ബദരിനാഥ് കി ദുൽഹനിയ' എന്ന സിനിമയൊരുക്കിയ ശശാങ്ക് ഖെയ്താൻ ആണ് ചിത്രം സംവിധാനം ചെയ്യുക.
മറാത്തി ഭാഷയിൽ ഇറങ്ങി സൂപ്പർഹിറ്റായ 'സൈരാത്' എന്ന സിനിമയുടെ റീമേക്കിലാണ് ജാൻവി അഭിനയിക്കുന്നത്. ദളിതനായ യുവാവ് ബ്രാഹ്മണ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദളിത് യുവാവിന്റെ വേഷം അവതരിപ്പിക്കുന്നത് ഇഷാൻ ഖട്ടറാണ്. നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടറിന്റെ മകനാണ് ഇഷാൻ.
ജാൻവിക്കൊപ്പം, സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനേയും ഈ സിനിമയിലെ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ, ജാൻവിക്ക് നറുക്ക് വീഴുകയായിരുന്നു