അര്‍ജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി

  • IndiaGlitz, [Saturday,June 24 2023]

അര്‍ജന്റീനയുടെ ദേശിയ ഫുട്ബോള്‍ ടീമിനെ മത്സരത്തിനായി കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയച്ചു. കത്തിൻ്റെ പകർപ്പും വിശദമായ കുറിപ്പും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം മുമ്പ് അർജന്റിന ഇന്ത്യയിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച വാർത്ത ഇപ്പോഴാണ് പുറത്തുവന്നത്. എന്നാൽ, അക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് കാരണം പറഞ്ഞത്. റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോട് കളിച്ചാൽ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എഐഎഫ്എഫ് പങ്കുവെച്ചതായി അറിയുന്നു,” മന്ത്രി പറഞ്ഞു.

അര്‍ജന്റീന ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിസമ്മതിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കായിക മന്ത്രിയുടെ ക്ഷണം. ജൂൺ 10 നും 20 നും ഇടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാൻ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയാറായില്ല. തുടർന്ന് ചൈനയും ഇന്തോനീഷ്യയും അവസരം മുതലാക്കി.