സ്പാനിഷ് ഇതിഹാസം റാമോസ് രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു

സ്പാനിഷ് ഡിഫൻഡർ സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 18 വർഷം നീണ്ടു നിന്ന കരിയറിനാണ് റാമോസ് വിരാമമിടുന്നത്. സ്പെയിന്‍ ജേഴ്സിയില്‍ 180 മത്സരങ്ങള്‍ കളിച്ച റാമോസ് 2005ലാണ് ആദ്യമായി ദേശീയ ടീമിനായി ബൂട്ടണിയുന്നത്. സ്‌പെയിനിന് 2010ലെ ലോകകപ്പും രണ്ട് യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സ്പെയിൻ ദേശീയ ടീമിൻ്റെ പരിശീലകൻ, റാമോസിനെ ഫോണിൽ വിളിക്കുകയും ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് താരം തൻ്റെ വിരമിക്കൽ തീരുമാനമെടുത്തത്. ഇന്നലെ വൈകിട്ട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റാമോസ് തൻ്റെ വിരമിക്കൽ തീരുമാനം പുറത്ത് വിട്ടത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായ റാമോസ് ക്ലബ്ബ് ഫുട്ബോളിൽ കളി തുടരും.