ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക

ഏകദിന ലോകകപ്പിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 134 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 311 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ക്വിന്റന്‍ ഡീകോക്കിന്റെ (109) സെഞ്ച്വറിയും കഗിസോ റബാഡയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നിര്‍ണ്ണായകമായത്.

മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലൂങ്കി എന്‍ഗിഡി ഒരു വിക്കറ്റും സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇന്ത്യക്ക് എതിരെ ആയിരുന്നു ഓസീസിൻ്റെ ആദ്യ തോൽവി. 70 റൺസ് എടുക്കുന്നതിനിടെ ഓസീസിൻ്റെ ആദ്യ 6 വിക്കറ്റുകളും നഷ്ടമായിരുന്നു. ഏഴാം വിക്കറ്റിൽ മാർനസ് ലബുഷെയ്ൻ (74 പന്തിൽ 46), മിച്ചൽ‌ സ്റ്റാർക്ക് (51 പന്തിൽ 27) എന്നിവർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഓസീസിനെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു.