ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവര്‍ തന്നെ: കെ ബി ഗണേഷ് കുമാര്‍

  • IndiaGlitz, [Tuesday,March 14 2023]

ഡോക്ടര്‍മാരെ രോഗികള്‍ തല്ലുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ല. പക്ഷേ ചിലര്‍ തല്ലു കൊള്ളേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു. തൻ്റെ മണ്ഡലത്തിലെ വിധവയായ ഷീബ എന്ന സ്ത്രീയെ ഡിസംബർ 17നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ സര്‍ജറിയുടെ ചുമതലയുള്ള ഡോക്ടര്‍ വിസമ്മതിച്ചു. ഈ സ്ത്രീയിൽ നിന്നു ഡോക്ടര്‍ 2000 രൂപ വാങ്ങി.

വിജിലൻസ് അന്വേഷണം നടത്തിയാൽ താൻ തെളിവുകൾ കൊടുക്കാമെന്നും ഗണേഷ് പറഞ്ഞു. നിയമസഭയിൽ ആരോഗ്യവകുപ്പിൻ്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗത്തിനിടെയാണ് ഗണേഷ് കുമാർ പറഞ്ഞത്. സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ ഈ ഡോക്ടർ തയാറായില്ലെന്ന ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. ആർ. സി ശ്രീകുമാർ എന്ന ഡോക്ടർക്കെതിരെയാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ചികിത്സാരേഖകൾ ഉൾപ്പടെയുള്ള തെളിവുകൾ വെച്ച് ആരോപണം ഉന്നയിച്ചത്. തന്‍റെ മണ്ഡലത്തിലെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച മുൻ സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എം.എൽഎയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.