സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും കുറ്റവിമുക്തരാക്കി
- IndiaGlitz, [Wednesday,December 28 2022]
സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ പി അബ്ദുള്ളകുട്ടിക്കും ക്ലീന്‍ ചിറ്റ്. സോളാർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രി മന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ചും അബ്ദുള്ളകുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിലും മസ്കറ്റ് ഹോട്ടലിലും സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ സിബിഐ ഇവരെ കുറ്റവിമുക്തരാക്കി. തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ നൽകി.
സോളാർ പീഡന കേസിൽ ആറു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായും സിബിഐ പറഞ്ഞു. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.