ചെറുകുടല്‍ പരാമര്‍ശം: നാക്കു പിഴവ് പറ്റിയതെന്ന് ചാണ്ടി ഉമ്മൻ

  • IndiaGlitz, [Monday,September 18 2023]

ചെറുകുടല്‍ പരാമര്‍ശം വന്‍ ട്രോളുകളിലേക്ക് വ‍ഴിവെച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ വിശദീകരണവുമായി രംഗത്ത്. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ, പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയത്. സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി ആരോപിച്ചു.

ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണ ആളുകള്‍ക്ക് ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി ക‍ഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങി എന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നടത്തിയ പരാമര്‍ശം. മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്‍റെ നീളം പോലും കുറഞ്ഞു പോയിരുന്നതായാണ് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത്.