ടി 20യിൽ ചരിത്ര നേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ

ടി 20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്രിക്കറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ. മുൻ നായകൻ വിരാട് കോഹ്ലി നേടിയ 122 റൺസാണ് ഗിൽ ഇതോടെ മറികടന്നത്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി എന്ന നേട്ടം ശുഭ്മാൻ സ്വന്തമാക്കുന്നത്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി 20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 168 റൺസിൻെറ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഗില്ലിന് പിന്തുണയും നൽകി.

7 സിക്സറും 12 ഫോറുകളും പറത്തി 63 പന്തിൽ നിന്ന് 126 റൺസാണ് താരം നേടിയത്. ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് കൂടിയാണിത്. 2022 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആയിരുന്നു ഇതുവരെയുള്ള ഇന്ത്യൻ ബാറ്ററുടെ ടി20യിലെ ഉയർന്ന സ്കോർ. ഗില്ലിൻെറ കന്നി സെഞ്ച്വറി മികവിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് ആകെ നേടാൻ സാധിച്ചത് 66 റൺസാണ്. ത്രിപാഠി പുറത്തായതിന് ശേഷം ഗില്ലിൻെറ വെടിക്കെട്ട് പ്രകടനമാണ് ടി 20യിൽ കണ്ടത്.