ഷാരോൺ വധ കേസ്: പ്രതി ഗ്രീഷ്മക്ക് ജാമ്യമില്ല
- IndiaGlitz, [Friday,June 02 2023]
വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൻ്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസ് തെളിയിക്കപ്പെട്ടത് മുതൽ കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. ഗ്രീഷ്മയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഷാരോൺ രാജിൻ്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണ മൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.