ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം

  • IndiaGlitz, [Wednesday,May 10 2023]

ലൈംഗിക പീഡന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്‍കിയ പീഡന, മാനനഷ്ട കേസുകളില്‍ ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്.

സംഭവം നടക്കുമ്പോള്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ടെലിവിഷന്‍ അവതാരക ആയിരുന്ന തനിക്ക് ട്രംപുമായി പരിചയം ഉണ്ടായിരുന്നു. ഒരിക്കല്‍ തൻ്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കാരോള്‍ വ്യക്തമാക്കി. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രംപ് ലൈം​ഗിക ചൂഷണം നടത്തിയെന്ന് തെളിഞ്ഞു.