വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മനുഷ്യവകാശ കമ്മീഷൻ ഇടപെട്ടു

  • IndiaGlitz, [Monday,August 21 2023]

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലും താനൂർ കസ്റ്റഡി മരണത്തിലും ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഹർഷിന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോലീസിന്‍റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് അറിയിച്ചു.

നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ ബൈജുനാഥ് ചൂണ്ടികാട്ടി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കേസെടുത്ത് മുന്നോട്ടു പോകാനാണ് പോലീസ് ആലോചിക്കുന്നത്. പോലീസിൻ്റെ റിപ്പോര്‍ട്ട് ലഭിയ്ക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ്റെ തീരുമാനം.