വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 50 ലക്ഷം ആവശ്യപ്പെട്ട് ഹർഷിന
- IndiaGlitz, [Monday,September 04 2023]
പ്രസവ ശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണം എന്നാണ് ഹർഷിന ഉന്നയിക്കുന്ന ആവശ്യം. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുൻപ് നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്ന് ഹർഷിന വ്യക്തമാക്കി. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതാണ്. ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ഹര്‍ഷിന പറഞ്ഞിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. കേസില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.