സൺറൈസേഴ്സ് ഹൈദരാബാദിനെ 72 റൺസിനു തകർത്ത് രാജസ്ഥാന് വിജയത്തുടക്കം. സഞ്ജു സാംസൺ(32 പന്തിൽ 55), യശ്വസി ജയ്സ്വാൾ(37 പന്തിൽ 54) എന്നിവരുടെ മികവിലാണ് രാജസ്ഥാൻ തകർപ്പൻ സ്കോർ നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടാനായത്. 32 പന്ത് നേരിട്ട സഞ്ജു നാല് സിക്സറും മൂന്ന് ഫോറുമാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ പ്രകടനം കൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിച്ചു. യശ്വസി ജയ്സ്വാളിനൊപ്പം ചേർന്ന് രാജസ്ഥാനെ ശക്തമായ നിലയിലേക്ക് സഞ്ജു നയിച്ചു.
ഹൈദരാബാദിൻ്റെ അബ്ദുള്‍ സമദാണ് ടീമിൻ്റെ ടോപ് സ്‌കോറര്‍. ഹൈദരാബാദിനായി ടി നടരാജനും ഫസല്‍ഹഖ് ഫറൂഖിയും രണ്ടു വീതം വിക്കറ്റുകളെടുത്തു. 2020 മുതല്‍ സ്പിന്നിനെതിരേ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള താരവും സഞ്ജുവാണ്. 2020 മുതലുള്ള തുടര്‍ച്ചയായ നാല് സീസണിലും ആദ്യ മത്സരത്തില്‍ 50ലധികം റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിൻ്റെ പുറത്തുള്ള സഞ്ജുവിന് ഇത്തവണ ശക്തമായ പ്രകടനം ഐപിഎല്ലില്‍ കാഴ്ച വെച്ചാല്‍ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ. ഐപിഎല്ലില്‍ തിളങ്ങി സഞ്ജു ഇന്ത്യന്‍ ടീമിലെത്തും എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ശരാശരി പ്രകടനം നടത്തി തഴയപ്പെടുന്നതാണ് കാണാൻ സാധിച്ചിട്ടുള്ളത്. അതിനാൽ മികവ് സ്ഥിരതയോടെ തുടരേണ്ടത് സഞ്ജുവിൻ്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്.