വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീം ഏകദിന, ടെസ്റ്റ്, ടി20 പരമ്പരകളിൽ ആതിഥേയരുമായി ഏറ്റുമുട്ടും. മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 27 ന് ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ടീം പ്രഖ്യാപനത്തിന് ഇനിയും ഒരാഴ്ചയ്ക്കടുത്ത് സമയമുണ്ടെങ്കിലും സ്ക്വാഡുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിട്ടുണ്ട്. പര്യടനത്തിൽ ഏറ്റവും അവസാനം നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യ യുവ താരനിരയെ രംഗത്തിറക്കുമെന്നും സീനിയർ താരങ്ങളെ ഒന്നടങ്കം പുറത്തിരുത്തും എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ അധികവും.
വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയെ നയിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ബിസിസിഐ ഈ പരമ്പരയിൽ നിന്ന് വിശ്രമം നൽകുമെന്നും ഇതോടെ വരുന്ന നായക ഒഴിവിലേക്ക് സഞ്ജു സാംസണെ അവർ തിരഞ്ഞെടുക്കുമെന്നാണ് പ്രധാനമായും ഉയരുന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ടി20യില്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവർക്ക് വിശ്രമം നൽകുമെന്നും ഹാർദിക് പാണ്ഡ്യ നായകൻ ആകുമെന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. എന്നാൽ ഹാർദിക്ക് പാണ്ഡ്യ ഈ പരമ്പരയിൽ കളിക്കില്ല എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ടി20 ടീമിനെ സഞ്ജു സാംസണ് നയിച്ചേക്കും. ഹാർദിക്ക് ടീമിനെ നയിക്കാൻ ഇല്ലെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് കാരണം സഞ്ജു നയിക്കും എന്നാണ് പുതിയ നിഗമനം.