സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ
- IndiaGlitz, [Tuesday,February 07 2023] Sports News
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും അദ്ദേഹത്തെ കെ ബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിൻ്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി.
തിങ്കളാഴ്ച ക്ലബ്ബ് പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. താൻ എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴും ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരവാണെന്നും ഫുട്‌ബോളിൻ്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് അതിൻ്റെ തുടക്കം മുതല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.