'സലാര്‍'; കേരളത്തില്‍ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

  • IndiaGlitz, [Tuesday,November 07 2023]

പ്രഭാസ് നായകനാകുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തും. സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരിക്കും. സലാറിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെജിഎഫ് സീരിസിൻ്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിര​ഗണ്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവിബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഹൊംബാള ഫിലിംസിന്‍റെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണം നടത്തിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.