കോവിഡ് നിയന്ത്രണങ്ങളില്ലാതെ വൃശ്ചിക പുലരിയില്‍ ശബരിമല നട തുറന്നു
- IndiaGlitz, [Thursday,November 17 2022]
സന്നിധാനത്ത് ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ. രണ്ടു വർഷത്തിനു ശേഷം കോവിഡ് ഭീതിയില്ലാത്ത തീര്‍ഥാടനമായതിനാല്‍ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ ഭക്തജനത്തിരക്കാണ് അനുഭപ്പെടുന്നത്. ഇന്നലെ ചുമതലയേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നത്. മണ്ഡലകാല പുജകള്‍ക്കും നെയ്യഭിഷേകത്തിനും തുടക്കമായി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് 5ന് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി പ്രദക്ഷിണമായെത്തി സോപാനത്തിൽ അയ്യപ്പനെ നമസ്കരിച്ച ശേഷം തിരുനട തുറന്നപ്പോൾ സന്നിധാനമാകെ ശരണം വിളികളുയർന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി ശ്രീകോവിലിൻ്റെ താക്കോൽ അവിടുത്തെ മേൽശാന്തി ശംഭു നമ്പൂതിരിക്കു നൽകി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു.
പുതിയ മേൽശാന്തിമാരായ കണ്ണൂർ തളിപ്പറമ്പ് കീഴൂത്തിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരി (ശബരിമല), വൈക്കം ഇടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ കൈപിടിച്ചു പതിനെട്ടാംപടി കയറ്റി സോപാനത്തിലെത്തിച്ചു. സന്ധ്യയോടെ പുതിയ മേൽശാന്തിമാരുടെ അവരോധനച്ചടങ്ങുകൾ നടന്നു. ശബരിമല മേൽശാന്തിയുടെ അവരോധനച്ചടങ്ങുകൾ സന്നിധാനത്തും, മാളികപ്പുറം മേൽശാന്തിയുടേത് മാളികപ്പുറം ശ്രികോവിലിനു മുൻപിലുമാണ് നടന്നത്. തന്ത്രി കണ്ഠര് രാജീവര് ഇരുവർക്കും മൂലമന്ത്രങ്ങളും പൂജാ വിധികളും പറഞ്ഞുകൊടുത്തു. ഡിസംബർ 27ന് മണ്ഡലപൂജയ്ക്കു ശേഷം രാത്രി 10ന് നട അടയ്ക്കും, പിന്നീട് 30ന് വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 7ന് നട വീണ്ടും അടയ്ക്കും.