ശബരിമല മകരവിളക്ക് ജനുവരി 14 ന്

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് ക്ഷേത്ര നട തുറക്കും. മകരവിളക്കു തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമാല്യത്തിനു ശേഷം തുടങ്ങും. എരുമേലി പേട്ട തുള്ളൽ ജനുവരി 11നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തു നിന്നു പുറപ്പെടും. 13ന് പമ്പ വിളക്ക് പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്കു കാലത്തെ നെയ്യഭിഷേകം 18ന് പൂർത്തിയാക്കും.19ന് തീർഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടയ്ക്കും.

32,281 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. മകരവിളക്ക് കാലത്ത് കൂടുതല്‍ ഭക്തരെത്തിയേക്കും എന്നതു കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പീരുമേട് താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഷീബാ ജോർജിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.