​ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ്; ​ഗണേഷ് കുമാറിനെതിരെ വക്കീൽ നോട്ടീസ്

  • IndiaGlitz, [Monday,June 12 2023]

മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശത്തിൽ പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിനെതിരെ ബിജെപി നേതാക്കളുടെ വക്കീൽ നോട്ടീസ്. ഗാന്ധിവധത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ബിജെപി പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലം പ്രസിഡൻറ് എ.ആർ അരുൺ, അഡ്വ.കല്ലൂർ കൈലാസ് നാഥ് എന്നിവർ മുഖേനയാണ് നോട്ടീസയച്ചത്.

ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആര്‍എസ്എസ് ആണെന്ന്, കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ ഗണേഷ് കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആർഎസ്എസിനെ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്ന താര പ്രചാരകർക്കെതിരെയാണ് ആദ്യം ബിജെപി രംഗത്ത് വരുന്നത്. താരപ്രചാരകരായ വ്യക്തികൾക്കെതിരെ തുടക്കത്തിൽ വക്കീൽ നോട്ടിസ് അയയ്ക്കും. വീണ്ടും ആർഎസ്എസിനെതിരെ പ്രചാരണം നടത്തുകയാണെങ്കിൽ മാനനഷ്ട കേസ് കൊടുക്കാനാണ് തീരുമാനമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. ഗാന്ധിവധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ ഏജൻസികളുടെയും കമ്മിഷൻ്റെയും റിപ്പോർട്ട് പ്രചരിപ്പിക്കാനും തീരുമാനമുണ്ട്.