മികച്ച ബാറ്റിങ് പ്രകടനത്തിനു പിന്നാലെ കരിയറില്‍ പുതിയൊരു പൊൻതൂവൽ തീർത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് രോഹിത് പിന്തള്ളിയത്. വിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 80 റണ്‍സ് കണ്ടെത്തിയാണ് രോഹിത് മടങ്ങിയത്.
ഒന്‍പത് ഫോറുകളും രണ്ട് സിക്സും സഹിതമാണ് രോഹിതിൻ്റെ തകര്‍പ്പന്‍ ബാറ്റിങ്. ഓപ്പണര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ 2,000 റണ്‍സും ക്യാപ്റ്റന്‍ പിന്നിട്ടു. 443 മത്സരങ്ങളില്‍ നിന്നു രോഹിതിൻ്റെ റണ്‍സ് സമ്പാദ്യം 17,298 റണ്‍സിലെത്തി. ധോണി 17,266 റണ്‍സാണ് നേടിയത്. 538 മത്സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് ഇന്നിങ്സുകളില്‍ നിന്നും 2000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായി രോഹിത് ഇതിനകം മാറിക്കഴിഞ്ഞു. നേരത്തേ രണ്ടാംസ്ഥാനം പങ്കിട്ട മുന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍, ഗൗതം ഗംഭീര്‍ എന്നിവരുടെ റെക്കോര്‍ഡ് രോഹിത് തകര്‍ക്കുക യായിരുന്നു. ഇരുവര്‍ക്കും 2000 തികയ്ക്കാന്‍ വേണ്ടി വന്നത് 43 ഇന്നിങ്സുകളായിരുന്നു.