ഋഷഭ് പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിലേക്കു മാറ്റി
- IndiaGlitz, [Thursday,January 05 2023] Sports News
ഡെറാഡൂണിൽ വാഹനാപകടത്തിൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിൽ എത്തിച്ചു. ബി.സി.സി.ഐ യുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലിഗമെന്റിന് ശസ്ത്രക്രിയ നടത്തും. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഋഷഭ് പന്ത്. താരത്തെ ഡൽഹിയിൽ നിന്ന് എയർ ആംബുലൻസിലാണ് മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.
സെന്റര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ തലവനായ ഡോ ദിന്‍ശോ പര്‍ദിവാലയുടെ കീഴിലായിരിക്കും ചികിത്സയെന്ന് ബി.സി.സി.ഐ അറിയിച്ചു. എത്രയും വേഗം പന്തിനെ കളിക്കളത്തിൽ മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക് വിധേയനായ പന്ത് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും താരത്തിന് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലായെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിരുന്നു.
ഡിസംബര്‍ 30നായിരുന്നു ദില്ലിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വച്ച് പന്തിൻ്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.