ഡൽഹിക്ക് പിന്തുണയുമായി റിഷഭ് പന്ത് സ്റ്റേഡിയത്തിലെത്തി

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ സ്വന്തം ടീമിൻ്റെ കളി കാണാൻ റിഷഭ് പന്ത്, ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തി. ആരാധകർ പന്തിനെ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. വോക്കിങ് സ്റ്റിക് ഉപയോഗിച്ചു നടന്നാണ് അദ്ദേഹം ഗാലറിയിൽ എത്തിയത്. ഗുരുതരമായി പരുക്കേറ്റ പന്ത് ആദ്യമായാണ് പൊതുസ്ഥലത്ത് എത്തുന്നത്. പന്തിനു പകരം ഇത്തവണ ഡേവിഡ് വർണറാണ് ഡൽഹിയുടെ ക്യാപ്റ്റൻ. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. പരിക്കുമൂലം താരത്തിന് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമെല്ലാം നഷ്ടമാകും.