റിസോർട്ട് വിവാദം: സെക്രട്ടേറിയറ്റ് യോഗം നാളെ
- IndiaGlitz, [Thursday,December 29 2022]
ആയുർവേദ റിസോർട്ട് ഉൾപ്പെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജൻ്റെ ആരോപണത്തെ ഇ പി ജയരാജൻ പ്രതിരോധിക്കും. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. നാട്ടിൽ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങൾ ചെയ്തു എന്നത് മാത്രമാണ് താൻ ചെയ്തത് എന്ന് സെക്രട്ടിയേറ്റിൽ വ്യക്തമാക്കും. മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ല ബാങ്കിൽ നിന്ന് കിട്ടിയ വിരമിക്കൽ ആനുകൂല്യങ്ങളും റിസോർട്ടിൽ നിക്ഷേപമാക്കിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. റിസോർട്ടിൻ്റെ മുൻ എംഡി കെപി രമേഷ് കുമാറിൻ്റെ വാക്കുകേട്ടാണ് പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇ പിയുടെ വാദം.
നിർമ്മാണത്തിലെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടർ ബോർഡ് ചർച്ച ചെയ്ത് രമേഷ് കുമാറിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇയാൾക്കെതിരെ ഇക്കാര്യത്തിൽ ബോർഡ് അന്വേഷണവും നടത്തുന്നുണ്ട്. ഇതിനു പിന്നിൽ താനാണെന്ന് തെറ്റിദ്ധരിച്ച് രമേഷ് കുമാർ മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് എന്ന് ഇ പി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. രമേഷ് കുമാറിനെ കൂട്ടുപിടിച്ചാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതര ആരോപണം പി ജയരാജൻ ഉന്നയിച്ചതെന്നു ഇ പി പറയുന്നു. തെറ്റുകാരൻ എങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ഇ പി നാളെ സെക്രട്ടിയേറ്റ് യോഗത്തിൽ വ്യക്തമാക്കുമെന്ന് അറിയിച്ചു.