പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു
- IndiaGlitz, [Friday,October 13 2023]
മലയാള ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറും വ്യവസായിയും എ ഐ സി സി അംഗവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു, 80 വയസ്സ് ആയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. 1977-ൽ സുജാത എന്ന ചിത്രം നിർമിച്ചു കൊണ്ടാണ് ചലച്ചിത്ര നിർമാണ രംഗത്തേക്കെത്തിയത്.
ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി, അഹിംസ, അദ്വൈതം, ഏകലവ്യന്‍, കാണാക്കിനാവ്, അച്ചുവിൻ്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയവ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ്. മക്കളുടെ പ്രൊഡക്ഷൻ കമ്പനിയായ എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മാതൃഭൂമി, കെ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ഡയറക്ടര്‍ കൂടിയായിരുന്നു. സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ പി വി ഷെറിൻ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.