കെ.ബി.ഗണേഷ്കുമാറിൻ്റെ വിമർശനത്തിനെ എതിർത്ത് രഞ്ജിത്

  • IndiaGlitz, [Friday,January 13 2023]

കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വിമർശനത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മറുപടി പറഞ്ഞു. സിനിമ ടിവി അവാര്‍ഡ് നൽകുക, ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധഃപതിച്ചുപോയി എന്ന് ഗണേഷ് കുമാർ എംഎൽഎ പറഞ്ഞതില്‍ വളരെയധികം ഖേദമുണ്ടെന്നു രഞ്ജിത്ത് വെളിപ്പെടുത്തി. നിയമസഭാ പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടന്ന സിനിമയും എഴുത്തും എന്ന പാനല്‍ ചര്‍ച്ചയിലാണ് ഗണേഷ്കുമാര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്.

ഇരുപത്തിയഞ്ചോളം പുതിയതും തുടര്‍ന്നു വരുന്നതുമായി പദ്ധതികള്‍ അക്കാദമി നടപ്പിലാക്കി വരുന്നുണ്ടെന്നും അക്കാദമിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അക്കാദമിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവുമെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. ഈ പ്രവര്‍ത്തനങ്ങളെ ഒന്നും അധഃപതനം എന്ന വാക്ക് ചേര്‍ത്ത് പറയാന്‍ പാടില്ലായിരുന്നു കാര്യങ്ങള്‍ എല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാന്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരം ഗണേഷ്കുമാര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും രഞ്ജിത്ത് പറഞ്ഞു. ഗണേഷ്കുമാറിന് അറിവില്ലാത്തത് കൊണ്ടോ അതോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാമെന്നും രഞ്ജിത്ത് വ്യക്തമാക്കി.