രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും
- IndiaGlitz, [Saturday,April 22 2023]
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തന്റെ ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് അദ്ദേഹം മാറുക. വസതി ഒഴിയുമ്പോൾ കെ.സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ടാകും. ഏപ്രില്‍ 14 ന് തൻ്റെ ഓഫീസും വീട്ടിലെ സാധനങ്ങളും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് രാഹുല്‍ ഗാന്ധി മാറ്റിയിരുന്നു.
മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. 2004 ൽ ആയിരുന്നു അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോൾ ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്. സൂറത്ത് സെഷൻസ് കോടതി വിധി നിരാശാജനകം ആണെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുലിൻ്റെ അഭിഭാഷകൻ കിരിത് പൻവാല പറഞ്ഞു.