രാഹുൽ ഗാന്ധി നാളെ മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും

  • IndiaGlitz, [Wednesday,June 28 2023]

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കാൻ ഒരുങ്ങുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തുന്നത്. ഈ മാസം 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രാഹുലിൻ്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത്. ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണെന്നും ഇതൊരു മാനുഷിക ദുരന്തമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

സമാധാനം തിരികെ കൊണ്ടുവരാൻ സ്നേഹസ്പർശം ആവശ്യമാണെന്ന് രാഹുലിൻ്റെ സന്ദർശനത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചു. സംഘർഷങ്ങളെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലായവരെ രാഹുൽ സന്ദർശിക്കും. ഇംഫാൽ, ചുരാചന്ദ്പുർ എന്നിവിടങ്ങളിൽ പൗരസമൂഹ പ്രവർത്തകരെയും രാഹുൽ കാണും. രണ്ടു മാസത്തോളമായി തീയാളുന്ന മണിപ്പൂരിലെ ജനത സാന്ത്വനം തേടുന്ന സന്ദർഭമാണിതെന്നും വിദ്വേഷത്തിന്‍റെയല്ല, സ്നേഹത്തിന്‍റെ സന്ദേശം കൈമാറേണ്ട സമയമാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെട്ടെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല.